2010, ജനുവരി 2, ശനിയാഴ്‌ച

അവര്‍ പറയുന്നു; മതിയാക്കാറായി ഈ ശത്രുത



ഒറെയ്ല്‍ ഇസ്രായേലി ജൂതനാണ്. മര്‍യം ഫലസ്തീനിയും. ഇരുവര്‍ക്കും എട്ട് വയസ്. ഒരു വര്‍ഷമായി ജറൂസലെമിലെ അല്‍യാന്‍ ആശുപത്രിയില്‍ അടുത്തടുത്ത മുറികളിലാണ് അവര്‍. ഒരു വര്‍ഷം മുമ്പ് ഇസ്രായേല്‍ റോക്കറ്റ് ആക്രമണത്തിലാണ് അവള്‍ മരണാസന്നയായത്. ഹമാസ് മിസൈല്‍ ആക്രമണത്തില്‍ അവനും. ആശുപത്രി വാസം അവരെ നല്ല കൂട്ടുകാരാക്കി. പരസ്പരം അറിയാനും വിദ്വേഷം കളയാനുമുള്ള അവസരം ഒപ്പമുള്ളവര്‍ക്കും അവര്‍ നല്‍കി...ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ ഇതെയ്ന്‍ ബ്രോനര്‍ പകര്‍ത്തുന്നു, അസാധാരണമായ ആ കഥഅവനിത്തിരി കുറുമ്പനാണ്. അവള്‍ ചിരിക്കുടുക്കയും. ആശുപത്രിയിലെ അടുത്തടുത്ത മുറികളിലെ താമസമാണ് അവരെ ചങ്ങാതികളാക്കിയത്. സമയം കിട്ടുമ്പോഴെല്ലാം അവര്‍ ഒന്നിച്ചിരിക്കും. ടി.വികാണും. കഥ പറയും. പാട്ടുപാടും. ഇടക്ക്, അവരുടെ രക്ഷിതാക്കള്‍ വീട്ടില്‍നിന്ന് പലഹാരവുമായി വരും. ഒന്നിച്ചിരുന്ന് അവരത് കഴിക്കും. അവന്റെ അമ്മയുണ്ടാക്കുന്ന വഴുതനക്കറി അവള്‍ക്കിഷ്ടമാണ്. അവളുടെ ഉപ്പ കൊണ്ടുവരുന്ന ആട്ടിറച്ചിയും ചോറും അവനുമിഷ്ടം. അവന്റെ പേര് ഒറെയ്ല്‍. അവള്‍ മര്‍യം. ഇരുവര്‍ക്കും എട്ടു വയസ്സ്. ഒരു വര്‍ഷമായി ഇസ്രായേലിലെ അല്‍യാന്‍ ആശുപത്രിയാണ് അവരുടെ വീട്. ഇസ്രായേല്‍ തൊടുത്തുവിട്ട മിസൈലാക്രമണത്തില്‍ ശരീരം അനക്കമറ്റാണ് ഫലസ്തീനന്‍കാരിയായ അവള്‍ അവിടെയെത്തിയത്. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് ഇസ്രായേലി ജൂത വിഭാഗത്തില്‍പെടുന്ന ഒറെയ്ല്‍ ആശുപത്രിയിലെത്തിയത്.'അവനൊരു കുരുത്തംകെട്ട ചെക്കനാ'^ ഒറെയ്ലിനെക്കുറിച്ച് മര്‍യം ചെറു ചിരിയോടെ പറയുന്നു. അവള്‍ അതിലും കുരുത്തക്കേടാണ്'^ മര്‍യത്തിന് അവന്റെ സര്‍ട്ടിഫിക്കറ്റ്. വീല്‍ചെയര്‍ ഉരുട്ടിയെത്തുന്ന മര്‍യത്തിനും ഒറെയ്ലിനും ഇപ്പോള്‍ ആശുപത്രി ഇടനാഴിയാണ് കളിമുറ്റം.ഒരു വര്‍ഷം മുമ്പ് അവിടെയെത്തുമ്പോള്‍ ഒറെയ്ലിന് നടക്കാനോ മിണ്ടാനോ കാണാനോ കേള്‍ക്കാനോ കഴിയുമായിരുന്നില്ല. തലച്ചോറിന്റെ പാതി പ്രവര്‍ത്തനക്ഷമമായിരുന്നില്ല. അവന്‍ രക്ഷപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പോലും വിശ്വസിച്ചില്ല. ഇപ്പോള്‍ , അവന്റെ മാറ്റത്തില്‍ അവര്‍ക്ക് അദ്ഭുതം. കളിയും ചിരിയുമായി അവന്‍ അതിവേഗം ജീവിതം തിരിച്ചുപിടിക്കുന്നു. തല മാത്രം ചലിക്കുന്ന അവസ്ഥയിലാണ് മര്‍യം ആശുപത്രിയില്‍ വന്നത്. നട്ടെല്ല് കഴുത്തില്‍വെച്ച് മുറിഞ്ഞിരുന്നു.നിശ്ചയദാര്‍ഢ്യവും അടങ്ങാത്ത ഊര്‍ജവും ധൈര്യവുമാണ് അവളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വീല്‍ചെയറില്‍ ഘടിപ്പിച്ച ബട്ടന്‍ താടികൊണ്ട് തള്ളിയാണ് അവളുടെ ചലനം. അവരുടെ ചങ്ങാത്തം മാതാപിതാക്കളിലേക്കും പകര്‍ന്നിട്ടുണ്ട്. ഫലസ്തീനും ഇസ്രായേലും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങള്‍ മൂര്‍ച്ഛിക്കുമ്പോഴും അവരുടെ രക്ഷിതാക്കളും ബന്ധുക്കളും പരസ്പരം സഹായിക്കുന്നു. മക്കളുടെ ആയുസ്സിനായി ഒന്നിച്ച് പ്രാര്‍ഥിക്കുന്നു.'മക്കളുടെ മുറിവും വേദനയുമാണ് ഞങ്ങളെ അടുപ്പിച്ചത്'^ മകന്റെ കട്ടിലിലിരുന്ന് ഒറെയ്ലിന്റെ മാതാവ് എയ്ഞ്ചല എലിസാറോവ് പറയുന്നു. 'അവര്‍ ഗാസയില്‍നിന്നുള്ളവരാണ്. ഞാന്‍ ബിര്‍ഷേബക്കാരിയും. അവര്‍ അറബികളാണ്. ഞാന്‍ ജൂതയും. പക്ഷേ, അതിലെന്ത് കാര്യമാണുള്ളത്? ഈ പറയുന്ന വ്യത്യാസങ്ങളിലൊന്നും ഒരര്‍ഥവുമില്ല. അവരെന്റെ മകനെ നോക്കുന്നു. ഞാനവരുടെ മകളെയും'^ എയ്ഞ്ചല പറയുന്നു. ഗാസയിലെ നിര്‍മാണ തൊഴിലാളി ഹംദി അമന്റെ മകളാണ്. മര്‍യം. ആറു വയസ്സുള്ള ഇളയ മകന്‍ മഅ്മൂനുമൊപ്പം ആശുപത്രിയിലാണ് 32കാരനായ ഹംദിന്റെ താമസം. തൊഴിലില്ലാത്തതിനാല്‍ ചികില്‍സയും മറ്റും ബുദ്ധിമുട്ടാണ്. എയ്ഞ്ചലയും ആശുപത്രി ജീവനക്കാരുമൊക്കെയാണ് ഹംദിനെ സഹായിക്കുന്നത്. വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് സര്‍ക്കാറും ചെറിയ തുക നല്‍കുന്നു.ഒരു വര്‍ഷം മുമ്പാണ് ഹംദിന്റെ ജീവിതത്തെ മാറ്റിമറിച്ച ദുരന്തമുണ്ടായത്. ഭാര്യയും മൂന്നു മക്കളുമൊപ്പം കാറിലിരിക്കുമ്പോഴാണ് ഇസ്രായേല്‍ ജെറ്റ് വിമാനങ്ങള്‍ തീ തുപ്പിയത്. രണ്ട് മിസൈലുകള്‍ ഒന്നിച്ച് കാറിനു മുന്നില്‍ പതിച്ചു. മൂത്ത മകനും ഭാര്യയും തല്‍ക്ഷണം മരിച്ചു. മര്‍യം കാറില്‍നിന്ന് തെറിച്ചു പുറത്തേക്ക് വീണു. അല്‍യാന്‍ ആശുപത്രി അടുത്തായിരുന്നു. രക്തത്തില്‍ കുളിച്ച മര്‍യത്തെ ആരൊക്കെയോ ആശുപത്രിയില്‍ എത്തിച്ചു. ഇസ്രായേല്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ആശുപത്രിയിലെത്തി ചികില്‍സ വാഗ്ദാനം ചെയ്തു. തൊട്ടുപിന്നാലെ വരുന്ന ഹമാസ് നേതാവ് അഹ്മദ് ദൌദിന്റെ കാറിനെ ലക്ഷ്യമിട്ട് തൊടുത്ത മിസൈല്‍ അബദ്ധത്തില്‍ ഹംദിന്റെ കാറില്‍ പതിക്കുകയായിരുന്നെന്ന് സൈന്യം അറിയിച്ചു. ഇസ്രായേലി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെ നിരവധി സന്നദ്ധ സംഘടനകള്‍ സഹായത്തിനെത്തി. മര്‍യത്തെ അടുത്തുള്ള ഹീബ്രു^അറബിക് ഉഭയഭാഷാ വിദ്യാലയത്തില്‍ അയക്കാന്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നുണ്ട്. ഗസ്സ യുദ്ധകാലത്താണ് ഒറെയ്ലിന് അപകടമുണ്ടായത്. താല്‍ക്കാലിക ഷെല്‍ട്ടറില്‍ നിന്ന് കാറില്‍ മകനുമായി വീട്ടിലേക്ക് പോവുകയായിരുന്നു എയ്ഞ്ചല. പൊടുന്നനെ അപകടസൈറണ്‍ മുഴങ്ങി. കാര്‍ നിര്‍ത്തി മകനുമായി പുറത്തിറങ്ങിയ അവര്‍ മണ്ണില്‍ കമിഴ്ന്നു കിടന്നു. സ്ഫോടന ശബ്ദം കേട്ട് തല ഉയര്‍ത്തിയ അവര്‍ കണ്ടത് തല നിറയെ ചോര പടര്‍ന്നിരിക്കുന്ന മകനെയാണ്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ പ്രതീക്ഷ കൈയൊഴിഞ്ഞു. നഴ്സായിരുന്ന അവര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. ആറു ശസ്ത്രക്രിയകള്‍ക്കുശേഷം ചെറിയ മാറ്റമുണ്ടായി. ഇപ്പോള്‍ അവന് നടക്കാനും പഠിക്കാനും കഴിയും.ജൂത സമുദായക്കാരാണ് ആശുപത്രി ജീവനക്കാരിലേറെയും. എന്നാല്‍, സ്നേഹത്തോടെയാണ് അവരുടെ പെരുമാറ്റമെന്ന് ഹംദ് സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം ജീവിതം തകര്‍ത്ത ജൂതര്‍ക്കൊപ്പം എങ്ങനെ കഴിയുന്നു എന്ന് ചോദിച്ചപ്പോള്‍ ഹംദ് ഇങ്ങനെ പറഞ്ഞു: എല്ലാവരും മനുഷ്യരാണ്. ദുരന്തമുണ്ടാവുമ്പോള്‍ ആരും മതവും വംശവും നോക്കാറില്ല'^ ആശുപത്രിയിലെ മര്‍യത്തിന്റെ മുറി വല്ലപ്പോഴുമേ അടക്കാറുള്ളൂ എന്ന് ഹംദ് പറയുന്നു. എപ്പോഴും സന്ദര്‍ശകരുണ്ടാവും. മറ്റ് മുറികളിലുള്ളവര്‍. സന്നദ്ധ പ്രവര്‍ത്തകര്‍. ജീവനക്കാര്‍. മിക്കവാറും ജൂതര്‍.'ഞാനൊരു കടുത്ത വലതുപക്ഷ സിയോണിസ്റ്റായാണ് വളര്‍ന്നത്. അറബികള്‍ ഞങ്ങളെ കൊല്ലന്‍ പിറന്നവരാണെന്നാണ് ഞാന്‍ പഠിച്ചത്. എന്നാല്‍, ആശുപത്രി ജീവിതം എന്റെ ധാരണകള്‍ തിരുത്തി. ഇവിടെ എനിക്ക് ഒരുപാട് അറബ് സുഹൃത്തുക്കളുണ്ട്'^ മര്‍യത്തിന്റെ അടുത്ത മുറിയിലെ കുട്ടിയുടെ പിതാവ് ആഷര്‍ ഫ്രാങ്കോ പറയുന്നു.'പരസ്പര വൈരം മതിയാക്കേണ്ടകാലം കഴിഞ്ഞു. അതാണ് നമ്മള്‍ പഠിക്കേണ്ടത്. എത്രകാലമാണ് നമ്മളിങ്ങനെ സഹിക്കുക?'^ എയ്ഞ്ചല കൂട്ടിച്ചേര്‍ക്കുന്നു.

കേരളത്തിന് എന്താണ് സംഭവിക്കുന്നത്?

ടി. മുഹമ്മദ് വേളം
കേരളത്തില്‍ സംഘ്പരിവാര്‍ രാഷ്ട്രീയമായി വിജയിക്കാതെ പോയതെന്തുകൊണ്ട്? കേരളത്തിന്റെ സമൂഹമനസ്സിനകത്തേക്ക് ഫാഷിസത്തിന്റെ ന്യായങ്ങളെ വിജയകരമായി വിനിമയം ചെയ്യാന്‍ കഴിയാതെപോയതുകൊണ്ട്. എന്നാല്‍ ആ കേരളത്തെ വലതുപക്ഷ രാഷ്ട്രീയവും മീഡിയയും ഒരുപറ്റം പൊലീസുകാരും ചില ന്യായാധിപര്‍പോലും ചേര്‍ന്ന് ഫാഷിസത്തിനുവേണ്ടി ഉഴുതൊരുക്കുകയാണ്. തങ്ങള്‍ ചെയ്യുന്നതെന്താണെന്ന് അവരില്‍ ചിലര്‍ നന്നായി അറിയുകയും ചിലര്‍ അറിയാതിരിക്കുകയും ചെയ്യുന്നു എന്നുമാത്രം.എണ്‍പതുകളിലെ മധ്യത്തിലെ ഇന്ത്യയെ ഓര്‍ക്കുക. ദേശീയരാഷ്ട്രീയത്തിലെ രാജീവ്ഗാന്ധി യുഗത്തെ. മൃദുഹിന്ദുത്വത്തിന്റെ ഏറ്റവും വലിയ പരീക്ഷണമാണ് അന്ന് കോണ്‍ഗ്രസ് ഇന്ത്യയില്‍ നടത്തിയത്. അയോധ്യയിലെ ബാബരിമസ്ജിദ് കോമ്പൌണ്ടില്‍ ശിലാന്യാസം നടത്തി. രാജീവ്ഗാന്ധി 1989ലെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് അയോധ്യയില്‍വെച്ചായിരുന്നു. ടെലിവിഷനെ ഫലപ്രദമായി ഉപയോഗിച്ചു ദൂരദര്‍ശനില്‍ രാമായണം, മഹാഭാരതം സീരിയലുകള്‍ ആരംഭിച്ചു. ഇതിനെയെല്ലാം ഉപജീവിച്ചാണ് ഹിന്ദുത്വം ഒരു തരംഗമായി ഇന്ത്യയില്‍ പടര്‍ന്നുപിടിച്ചത്. തുടര്‍ന്ന് നാം കാണുന്നത് കോണ്‍ഗ്രസ് ദുര്‍ബലപ്പെടുകയും ബി.ജെ.പി. ശക്തിപ്പെടുകയും ചെയ്യുന്നതാണ്. കാരണം ലളിതം. ഹിന്ദുത്വമാണ് ശരിയെങ്കില്‍ അത് കോണ്‍ഗ്രസിനേക്കാള്‍ കാര്യക്ഷമതയോടെ കൊണ്ടുനടത്താന്‍ കഴിയുക ബി.ജെ.പിക്ക് തന്നെയാണല്ലോ? ഹിന്ദുത്വത്തിന്റെ യുക്തിയുപയോഗിച്ച് അതിനെ തോല്‍പിക്കാനും സ്വയം ജയിക്കാനും കോണ്‍ഗ്രസ് ശ്രമിച്ചപ്പോള്‍ അത് ബൂമറാങ് പോലെ തിരിച്ചടിക്കുകയായിരുന്നു. കോണ്‍ഗ്രസ് കളമൊരുക്കി. ബി.ജെ.പി വിത്തിറക്കി, വിളവെടുത്തു. നല്ല ബി.ജെ.പിയാവാന്‍ അവര്‍ക്കുതന്നെയാണ് സാധിക്കുക. ബി.ജെ.പിയുടെ ന്യായം ശരിയും രാഷ്ട്രീയം തെറ്റുമാണെന്ന സമവാക്യം ഒരിക്കലും നിലനില്‍ക്കില്ല എന്ന് ദേശീയാനുഭവം ഒരിക്കല്‍ നമ്മെ പഠിപ്പിച്ചതാണ്.എണ്‍പതുകളിലെ ദേശീയ രാഷ്ട്രീയസാഹചര്യം ഇപ്പോള്‍ കേരളത്തില്‍ ഭീതിജനകമായ രീതിയില്‍ ആവര്‍ത്തിക്കുകയാണ്. കേരളം ചെറുത്തുതോല്‍പിച്ച, എല്ലാ സംഘ്പരിവാര്‍വാദങ്ങളും ഇപ്പോള്‍ കേരളം അംഗീകരിക്കുകയും ആഘോഷിക്കുകയുമാണ്. എണ്‍പതുകളില്‍ ദേശീയതലത്തില്‍ ചെയ്തതുപോലെ ഇപ്പോള്‍ കോണ്‍ഗ്രസും വലതുപക്ഷവും അത്തരമൊരു ആഘോഷത്തിന് നേതൃത്വം നല്‍കുന്നു. കേരള ചരിത്രത്തില്‍ മുമ്പൊരിക്കലുമില്ലാത്ത വിധം മാധ്യമങ്ങള്‍ വര്‍ഗീയത ഒരു മറയും തുറയുമില്ലാതെ വെളിവാക്കുകയാണ്.കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ബി.ജെ.പിയാണ്. ജയിച്ചുകയറുന്നതും അവര്‍ തന്നെ. കേരളത്തില്‍ ലൌ ജിഹാദ് നടക്കുന്നു എന്ന സംഘ്പരിവാര്‍വാദം എത്ര പെട്ടെന്നാണ് മതേതര മാധ്യമങ്ങളുടെ സ്വന്തം വാദമായി മാറിയത്. കേസ്ഡയറി കണ്ട് ഞെട്ടിയെന്നാണ് ഹൈകോടതി ജഡ്ജി എം. ശശിധരന്‍ നമ്പ്യാര്‍ പറഞ്ഞത്. പക്ഷേ, നമ്മുടെ മാധ്യമങ്ങള്‍ ഒരു നേരത്തേക്കുപോലും ഞെട്ടിയില്ല. അവര്‍ മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച ഏതോ ലക്ഷ്യത്തിലേക്ക് അതിശീഘ്രം കുതിക്കുക തന്നെയാണ്.വലതുപക്ഷ രാഷ്ട്രീയവും മാധ്യമങ്ങളും നടത്തുന്ന കാടടച്ച പ്രചാരണങ്ങള്‍ സംഘ്പരിവാര്‍ വാദങ്ങള്‍ കൊണ്ട് നിറഞ്ഞുകവിഞ്ഞതാണ്. കേരളം തീവ്രവാദികളുടെ പറുദീസയാണെന്ന് തൊണ്ണൂറുകള്‍ മുതല്‍ സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരുന്ന പ്രചാരണമാണ്. അതിപ്പോള്‍ കേരളത്തിന്റെ പൊതുവാദമാണ്. ഇത് യാദൃച്ഛികമായി സംഭവിച്ചതാകുമോ? തടിയന്റവിട നസീറുമാരെ ഇത്ര കാലം നമ്മളൊന്നുമറിയാതെ പോറ്റിവളര്‍ത്തിയത് ആരാണ്? തടിയന്റവിട നസീറും പൊലീസും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ഈ പ്രചാരണമുഖ്യധാരക്ക് പുറത്തുനിന്ന് പല ചോദ്യങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട്. നസീര്‍ പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പൊലീസ് ചാരനായി മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദികളാക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചിരുന്നതായി പി.എം. ഇസ്മാഈല്‍ എന്ന മുന്‍ പൊലീസുദ്യോഗസ്ഥന്‍ പത്രസമ്മേളനം നടത്തി പറയുകയുണ്ടായി. എന്തുകൊണ്ട് സാമ്രാജ്യത്വം സ്പോണ്‍സര്‍ ചെയ്യുന്ന അരാഷ്ട്രീയ ആത്മീയ ഇസ്ലാം തന്നെ (ത്വരീഖത്ത്) എല്ലാ കേസിലും തീവ്രവാദത്തിന്റെ ബോംബുവാഹകരായി മാറുന്നു? അമേരിക്കന്‍ചാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിക്ക് തടിയന്റവിട നസീറുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് സി.പി.എം എം.പി.മാരായ പി. കരുണാകരന്‍, എ. വിജയരാഘവന്‍ എന്നിവര്‍ ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെടുകയുണ്ടായി.ഇന്ത്യയിലെ പലഭാഗത്തും വലിയ സ്ഫോടനങ്ങള്‍ നടന്നിട്ടുണ്ട്. തീവ്രവാദികളുടെ സ്വന്തം നാട് എന്ന് ഫാഷിസ്റ്റുകളും വലതുപക്ഷവും പ്രചരിപ്പിക്കുന്ന കേരളത്തില്‍ അത്തരത്തില്‍ ഒന്നും നടന്നിട്ടില്ല. കളമശേãരി ബസ്കത്തിക്കല്‍, കോഴിക്കോട് ഇരട്ട സ്ഫോടനം എന്നൊക്കെ കഴുത്ത് വലിഞ്ഞുമുറുകി പറയുന്നതു കേട്ടാല്‍ തോന്നുക നൂറുകണക്കിനാളുകള്‍ മരണപ്പെട്ട ആക്രമണങ്ങളാണിതെന്നാണ്. തങ്ങളുടെ പ്രചാരണത്തിന് ഇത്തരമൊരു അയുക്തികതയുണ്ടെന്നറിയുന്നതു കൊണ്ടുതന്നെ ഫാഷിസ്റ്റുകള്‍ ആ ഓട്ടയടക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് കേരളം തീവ്രവാദികളുടെ ലബോറട്ടറിയാണെന്ന വാദമുയര്‍ത്തിയാണ്. അപ്പോള്‍ ഈ കൊടുംഭീകരര്‍ക്ക് കേരളത്തിലെ ജനങ്ങളോട് എന്തോ സവിശേഷ സ്നേഹമുണ്ടെന്നാണോ നാം മനസ്സിലാക്കേണ്ടത്? ലശ്കറെ ത്വയ്യിബ ഇത്ര ചെറിയ പരിപാടികള്‍ നടത്തുന്ന കൂട്ടരുടെ പേരാണോ? അതോ ചില മുസ്ലിംകളും ചിലപ്പോള്‍ ഔപചാരിക ഏജന്‍സികളും തന്നെ നടത്തിയ ആക്രമണങ്ങള്‍ ചേര്‍ത്തുവെച്ച് കേരളം തീവ്രവാദത്തിന്റെ കേന്ദ്രമാണെന്ന കൊളാഷ് നിര്‍മിച്ചെടുക്കുകയാണോ? എറണാകുളം കലക്ടറേറ്റ് സ്ഫോടനം ഔദ്യോഗിക ഏജന്‍സികള്‍ നടത്തിയതാണെന്ന് ചില ഉത്തരവാദപ്പെട്ട പത്രപ്രവര്‍ത്തകര്‍ തന്നെ വെളിപ്പെടുത്തുകയുണ്ടായി (മാധ്യമം വാരിക 2008 മെയ് 26). ഇപ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുന്നതിന്റെ ഗുണഭോക്താക്കള്‍ ഇന്ന് വലതുപക്ഷവും നാളെ ഫാഷിസവുമാണ്.മാധ്യമങ്ങളും കോണ്‍ഗ്രസും മുസ്ലിംലീഗും പൊലീസും ഉന്നയിക്കുന്ന ഓരോ വാദമുഖം പരിശോധിച്ചാലും അത് സംഘ്പരിവാര്‍ വാദങ്ങളോ അവര്‍ക്കനുകൂലമായ ന്യായങ്ങളോ ആയിരിക്കുമെന്ന് കാണാം. അഥവാ ഈ പ്രചാരണോത്സവത്തിലൂടെ കേരളത്തില്‍ ബി.ജെ.പിക്ക് മണ്ണൊരുക്കുകയാണിവര്‍ ചെയ്യുന്നത്. ഇതിന്റെ ഗുണഭോക്താക്കള്‍ എന്നും തങ്ങള്‍തന്നെയായിരിക്കുമെന്ന് കോണ്‍ഗ്രസ്^ലീഗ് രാഷ്ട്രീയം ബുദ്ധിശൂന്യമായി കണക്കുകൂട്ടുകയാണ്.കേരളം തൊണ്ണൂറുകള്‍ മുതല്‍ ഭീകരവാദത്തിന്റെ തലസ്ഥാനമായിരുന്നെങ്കില്‍ തൊണ്ണൂറുകള്‍ മുതല്‍ ഇവിടെ മാറിമാറി ഭരിച്ച ഇടതു^വലത് സര്‍ക്കാറുകള്‍ക്ക് അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഇടതും വലതും തീവ്രവാദി പ്രീണകരാണെന്ന സംഘ്പരിവാര്‍ പ്രചാരണം ജനമനസ്സുകളില്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെയും മാധ്യമങ്ങളുടെയും പൊലീസിലെ ഒരു വിഭാഗത്തിന്റെയും വമ്പിച്ച പിന്തുണയോടെ സ്ഥാനം നേടുകയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും ഈ പ്രചാരണത്തിന്റെയും അന്തരീക്ഷ നിര്‍മിതിയുടെയും കൊയ്ത്തുകാര്‍ ഐക്യജനാധിപത്യ മുന്നണി തന്നെയായിരിക്കും. പക്ഷേ, അത് കേരളത്തിലെ അവസാനത്തെ തെരഞ്ഞെടുപ്പല്ലെന്നവര്‍ മനസ്സിലാക്കണമെന്നുമാത്രം.മഅ്ദനി കൊടുംഭീകരനാണെന്ന, 'ലശ്കറെ ത്വയ്യിബയുടെ യൂണിഫോമണിയാത്ത കമാന്‍ഡറാണെന്ന' വാദം ശരിയാണെങ്കില്‍, അദ്ദേഹവുമായി ഒരിക്കലും സഖ്യം ചേര്‍ന്ന യു.ഡി.എഫിന്റെ അല്ല, ചേരാത്ത ബി.ജെ.പി. നിലപാടല്ലേ ശരിയായ നിലപാട്. മഅ്ദനി അങ്ങനെയുള്ള ആളാണെന്ന് കോണ്‍ഗ്രസ് സമ്മതിക്കാത്ത കാലത്തും ബി.ജെ.പി അത് പറഞ്ഞുകൊണ്ടിരുന്നതാണ്. മഅ്ദനി ഭീകരനാണെന്ന പ്രചാരണം സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് മുന്‍കാല പ്രാബല്യത്തോടെ ആധികാരികതയും വിശ്വാസ്യതയും നല്‍കുന്ന പ്രചാരണമാണ്. കോണ്‍ഗ്രസ് രാഷ്ട്രീയം അതിന്റെ വിശ്വാസ്യത ജനമധ്യത്തില്‍ സ്വയം തകര്‍ത്തുകളയുന്ന പരിപാടിയുമാണ്. സൂഫിയ മഅ്ദനിയെ കര്‍ണാടകപൊലീസിന് കൈമാറാന്‍ കഴിഞ്ഞില്ല എന്നതാണ് ഇപ്പോഴത്തെ സങ്കടം. തീവ്രവാദത്തെ നേരിടുന്നതില്‍ സി.പി.എമ്മിനേക്കാള്‍ മികച്ചത് ബി.ജെ.പിയാണെന്നല്ലേ ആ ബോധത്തിന്റെ രാഷ്ട്രീയപരിഭാഷ? ഒരു പ്രചാരണ മഹോത്സവത്തിലൂടെ കേരളം എങ്ങോട്ടാണ് സഞ്ചരിക്കുന്നത്?തീവ്രവാദക്കാലത്തെ കേരളത്തിലെ എല്ലാ ടെലിവിഷന്‍ചര്‍ച്ചകളിലെയും മുഖ്യതാരങ്ങള്‍ ബി.ജെ.പി നേതാക്കളാണ്. ബി.ജെ.പി നേതാക്കളില്ലാത്ത ഒരു ചര്‍ച്ചപോലും സംഘടിപ്പിക്കുന്നില്ല. എല്ലാ ടെലിവിഷന്‍സംവാദങ്ങളിലും സൂക്ഷ്മാര്‍ഥത്തില്‍ ജയിച്ചുകയറുന്നതും അവര്‍തന്നെ. കാരണം അവരുടെ യുക്തി ഉപയോഗിച്ചാണ് ഈ ചര്‍ച്ചകള്‍ സെറ്റ് ചെയ്യപ്പെടുന്നത്. ഉപരിപ്ലവതയാണ് ടെലിവിഷന്റെയും ഫാഷിസത്തിന്റെയും മുഖ്യഭക്ഷണം. അബ്ദുന്നാസിര്‍ മഅ്ദനി എന്ന വില്ലനും ചുറുചുറുക്കുള്ള പൊലീസുകാര്‍ എന്ന നായകനും മാറ്റുരക്കുന്ന, ഏറ്റുമുട്ടുന്ന, നായകന്‍ വില്ലനെ കീഴ്പ്പെടുത്തുന്ന, അതിന്റെ മാര്‍ഗത്തിലെ എല്ലാ വൈതരണികളും അതിസാഹസികമായി മറികടക്കുന്ന ഒരു കഥ, ഒരു മിത്ത് ഫാഷിസത്തിന് ഏറെ പോഷണം നല്‍കുന്ന സമീകൃതാഹാരമാണ്. സൂഫിയയുടെ അറസ്റ്റിന്റെ അന്ന് കേരളം സാക്ഷ്യം വഹിച്ചത് അത്തരമൊരു ഇതിഹാസകഥയുടെ ദൃശ്യവിരുന്നായിരുന്നു. ഫാഷിസത്തിന്റെ ദേശീയതലത്തിലെ അരങ്ങേറ്റത്തിലും ടെലിവിഷന്‍ ഒരു വലിയ പങ്കുവഹിച്ചിരുന്നുവല്ലോ. എണ്‍പതുകളുടെ മധ്യത്തില്‍ കോണ്‍ഗ്രസും മാധ്യമങ്ങളും ദേശീയതലത്തില്‍ ചെയ്തതു തന്നെയാണ് അതിനേക്കാള്‍ വഷളായ രീതിയില്‍ കേരളത്തില്‍ ആവര്‍ത്തിക്കുന്നത്. എണ്‍പതുകളില്‍ തുടങ്ങിയ ഫാഷിസ്റ്റ് മുന്നേറ്റത്തിന് ഒരു പരിധി വരെയെങ്കിലും തടയിടാന്‍ കോണ്‍ഗ്രസിന് പിന്നീട് ഒരുപാടു കാലമെടുക്കേണ്ടിവന്നു. ഒരു പാട് പുനഃക്രമീകരണങ്ങള്‍ നടത്തേണ്ടിവന്നു. കുമ്പസാരിക്കേണ്ടി വന്നു. പണ്ട് അഖിലേന്ത്യാ കോണ്‍ഗ്രസിനേക്കാള്‍ കേരളത്തിലെ കോണ്‍ഗ്രസ് അവര്‍ഗീയമായിരുന്നു. ഇപ്പോഴത് തലകീഴായ് മറിഞ്ഞുവരുന്നു. ഫാഷിസത്തിന്റെ മുഴുവന്‍ യുക്തികളും ഒരു സമൂഹത്തില്‍ സ്വാധീനം നേടുകയും എന്നിട്ട് അവരുടെ രാഷ്ട്രീയം മാത്രം സ്വാധീനം നേടാതിരിക്കുകയും ചെയ്യും എന്നു കരുതുന്നുവെങ്കില്‍ അത് സാമൂഹികശാസ്ത്രപരമായ ഒരു ഉള്‍ക്കാഴ്ചയും ഇല്ലാതെ പോകുന്നതുകൊണ്ടാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ഇത് മനസ്സിലാക്കിയില്ലെങ്കിലും ലീഗ് നേതാക്കളെങ്കിലും ഇത് മനസ്സിലാക്കേണ്ടതായിരുന്നു. പക്ഷേ, അവര്‍ ഈ അന്തരീക്ഷത്തിന്റെ താല്‍ക്കാലിക ഉപഭോക്താക്കളാവാനാണ് ശ്രമിക്കുന്നത്. തീവ്രവാദത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി ഫാഷിസത്തെ നാലുതെറി പറഞ്ഞതുകൊണ്ട് കാര്യമില്ല. അവര്‍ പ്രചാരണത്തിനുപയോഗിക്കുന്ന യുക്തികള്‍ ആരുടേതാണ് എന്ന് സ്വയം പരിശോധിക്കുകയാണു ചെയ്യേണ്ടത്. അതിന്റെ ആത്യന്തിക ഗുണഭോക്താക്കള്‍ ആരായിരിക്കുമെന്നും

2010, ജനുവരി 1, വെള്ളിയാഴ്‌ച

പ്ലീസ്, ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസിയെ വേണം; മാധ്യമങ്ങള്‍ ഞങ്ങളെ വിഭജിക്കരുത്

വിനീത് നാരായണന്‍ നമ്പുഉതിരി
vineethnamboothiri@gmail.com
ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ കഫറ്റീരിയയില്‍വെച്ചുള്ള സംഭാഷണമധ്യേ സുഹൃത്ത് ആല്‍ബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു: 'ഞാന്‍ ഇപ്പോള്‍ അഷ്റഫിനെ ഫോണില്‍ വിളിക്കാറില്ല.' 'അതെന്താ?' ആല്‍ബര്‍ട്ട് വിശദീകരിച്ചു: 'നാട്ടില്‍ നിന്ന് മമ്മി വിളിക്കുമ്പോള്‍ കര്‍ശനമായ ഓര്‍ഡറുണ്ട്, മുസ്ലിം കുട്ടികളുമായി ഫോണ്‍ ചെയ്യരുതെന്ന്. കല്യാണം അടുത്തുവരികയല്ലേ, എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്?' ആ ഉത്തരം കേട്ടപ്പോള്‍ ഞാന്‍ ശരിക്കും തരിച്ചിരുന്നുപോയി. എന്‍ജിനീയറിങ് പഠനകാലത്ത് അഞ്ച് വര്‍ഷത്തോളം ഒരുമിച്ച് ഭക്ഷണം കഴിച്ച് ഒരുമിച്ച് ഉറങ്ങിയവരില്‍ ഇന്ന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതിലപ്പുറം ഇന്ന് കോട്ടയത്തുള്ള ആല്‍ബര്‍ട്ടിന്റെ മമ്മി ഭയപ്പെടുകയാണ്, തന്റെ മകന്‍, മുസ്ലിം പിള്ളേരെ ഫോണ്‍ ചെയ്താല്‍ തീവ്രവാദി ബന്ധത്തിന് അറസ്റ്റ് ചെയ്യപ്പെടുമോ എന്ന്? രാജ്യദ്രോഹം, പൊലീസ്, തടങ്കല്‍ ഇവ എല്ലാവരെയും ഭയപ്പെടുത്തുന്നത് തന്നെ.ഇന്ന് മലയാളമാധ്യമങ്ങളുടെ വാര്‍ത്താ റിപ്പോര്‍ട്ടിങ് കേരളത്തില്‍ പ്രമുഖമതങ്ങളുടെ വന്‍ ചേരിതിരിവിന് ആക്കംകൂട്ടുകയാണ്. ചെന്നായയെപ്പോലെ ഈ രക്തം കുടിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും. ഒരുപക്ഷേ, കേരളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ ജാതി രാഷ്ട്രീയവിധേയത്വമാവാം ഇതിന് പിന്നില്‍. അപ്പോഴെല്ലാം കുന്തമുനകള്‍ തിരിക്കുന്നത് ഒരു സമുദായത്തിനുനേരെ മാത്രം ആകുമ്പോള്‍ കൊലചെയ്യപ്പെടുന്നത് കേരളത്തിലെ സൌഹാര്‍ദാന്തരീക്ഷമാണ്. ദേശസ്നേഹത്തിന്റെ തിരുപ്പിറവിക്കല്ല വര്‍ഗീയതയുടെ വന്‍ തീനാളങ്ങള്‍ക്കാണ് ഈ മാധ്യമ പ്രവര്‍ത്തനം തിരികൊളുത്തുന്നത്. സര്‍ക്കുലേഷന്‍, രാഷ്ട്രീയ വൈരാഗ്യം, പത്രമുതലാളി/ജാതി വിധേയത്വം എന്ന ഒരു ത്രിയേകത്വത്തില്‍ പത്രപ്രവര്‍ത്തനം നടത്തുന്ന കേരളമാധ്യമങ്ങള്‍ ഒരു പുതിയ ഭ്രാന്താലയത്തിലേക്കാണ് ബി.ഒ.ടി പാത വിരിക്കുന്നത്. അതിന് ഊര്‍ജം നല്‍കുന്നതാവട്ടെ, പഴയ വിമോചനസമരത്തിലെ കോണ്‍ഗ്രസും മുസ്ലിംലീഗും. ഈ ക്രമസമാധാന ഭംഗത്തിനെതിരെ മതമൈത്രിയില്‍ വിശ്വസിക്കുന്നവര്‍ രംഗത്തിറങ്ങിയേ മതിയാവൂ. സൌഹാര്‍ദകാംക്ഷികളുടെ കാലിക ചുമതലയാണിത്. ഇവിടെ സൂഫിയാ മഅ്ദനിയോ പി.ഡി.പിയോ അല്ല പ്രശ്നം. ഒരു സമുദായത്തെ മൊത്തം പ്രതിക്കൂട്ടില്‍ കയറ്റുന്നതാണ്. കോടതിക്കു മുമ്പേ വിധി പ്രസ്താവിക്കുന്ന മാധ്യമഭീകരത സമുദായങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന വിഭജനം മതേതരകാംക്ഷികളുടെ ഉള്ളുലയ്ക്കുന്നു. മുമ്പ് കേരളത്തില്‍ ഒരു തപാല്‍ബോംബ് പിടികൂടി. പ്രതിയെക്കുറിച്ച് മാധ്യമങ്ങളുടെ അപസര്‍പ്പകകഥകള്‍. 'ഇത് ഇന്ത്യയില്‍ ആദ്യത്തേത്'. 'തീരദേശം വഴിയുള്ള ലശ്കര്‍ ബന്ധം'.......... യുവാവിന്റെ വീട്ടില്‍ ഉണ്ടായിരുന്ന മുസ്ലിം മാസികയിലേക്ക് ചാനല്‍ കണ്ണുകള്‍ ആഴ്ന്നിറങ്ങി. അവ ആയിരത്തൊന്നുവട്ടം പ്രക്ഷേപണം ചെയ്തു. യഥാര്‍ഥ പ്രതിയെ പിടിച്ചപ്പോള്‍ ദേശീയപത്രങ്ങളെന്നു വീമ്പ് പറയുന്നവര്‍ ചരമകോളത്തിനു താഴെ ഒരു കൊച്ചുവാര്‍ത്ത. മാത്രമല്ല, ആ ഭാരതീയയുവാവിന് മനോരോഗമുണ്ടെന്ന വെളിപ്പെടുത്തലും. ആര്‍ക്കാണിന്ന് മുസ്ലിംഭീകരതയുടെ മനോരോഗം പിടിപെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധി ആവശ്യമില്ല എന്ന് സൂചിപ്പിക്കാനാണ് ഈ സംഭവം വിവരിച്ചത്. അതിന്റെ മറ്റൊരു രൂപമായാണ് സൂഫിയാ കീചകവധം രംഗത്തെത്തുന്നത്. സൂഫിയാ മഅ്ദനിയുടെ അറസ്റ്റിനു മുമ്പേ മാധ്യമങ്ങള്‍ അച്ചടിനിരത്തി, ഒരു ഭാഗ്യലേലക്കാരന്റെ അറിയിപ്പുപോലെ^അറസ്റ്റ് ഇന്ന്, നാളെ, മറ്റന്നാള്‍! മലയാളത്തിലെ മുന്നിട്ടുനില്‍ക്കുന്ന ചാനലിലെ മഹിളാമണിയുടെ ചോദ്യം: 'സൂഫിയയുടെ അറസ്റ്റ് വൈകുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്?' അറസ്റ്റ് ചെയ്യണം എന്നത് കട്ടായം! പ്രതിയാണ്, കുറ്റസമ്മതം നടത്തിയെന്ന് 'മനോരമ', 'മാതൃഭൂമി'പത്രങ്ങളുടെ മൂന്നു ദിവസത്തെ പ്രധാന വാര്‍ത്തയായിരുന്നു. അതിനുവേണ്ടി അരപേജ് നീക്കിവെച്ചവര്‍, മഅ്ദനിയുടെ നിഷേധക്കുറിപ്പ് കൊടുത്തത് ഉള്ളിലെ ഒരു പേജില്‍ മൂന്ന് സെന്റിമീറ്റര്‍ സ്ക്വയറില്‍ ഒരു വരിയിലും! നിരാഹാരം നിയമവാഴ്ചയോടുള്ള വെല്ലുവിളി, കുട്ടികളെ നിരാഹാരത്തിന് പ്രേരിപ്പിച്ചതിന് മഅ്ദനിയെ സെന്‍ട്രല്‍ ജയിലില്‍ അയക്കാന്‍ വകുപ്പുണ്ട്, ബംഗളൂരു, വിയ്യൂര്‍ ജയിലുകളില്‍ സൂഫിയക്കുവേണ്ടി ഷീറ്റ് വിരിച്ചുവെച്ചു എന്ന രീതിയിലുള്ള പ്രചാരണം.ആടിനെ കാണിച്ച് പേപ്പട്ടിയെന്ന് ആവര്‍ത്തിക്കുമ്പോള്‍ അതുമാത്രം കേള്‍ക്കുന്നവരെങ്കിലും വിശ്വസിക്കുന്നു. ആ പട്ടി കാലില്‍ കടിക്കുമെന്ന്. തുടര്‍ ഉദ്ധരണികള്‍ ഉതിരുമ്പോള്‍ നമ്മളും അറിയാതെയെങ്കിലും കാലിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നു. കോടിയേരിയും ബേബിമാരും അങ്ങനെ ഓടിയൊളിക്കുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ആടിന് വെള്ളം നല്‍കുന്നു. മുസ്ലിംലീഗാവട്ടെ, 'രാജ്യസ്നേഹ'ഭ്രമത്തില്‍ കണങ്കാലില്‍ നിന്ന് ഒരു കഷണം തന്നെയെടുത്ത് ആടിനു നീട്ടി വെച്ചുകൊടുക്കുന്നു! അച്ഛന്‍ പത്തായത്തിലുമില്ലെന്നാകുമോ ഒരു മുഴം മുന്നേയുള്ള ഈ ഏറിന്റെ ധ്വനി? ഇന്ത്യാവിഭജനത്തില്‍ തുടങ്ങി മാറാടും കടന്നു മുന്നോട്ടു പോകുന്നുണ്ട് സാമുദായികതയുടെ ഈ രാഷ്ട്രീയ ലാഭേച്ഛ. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ ഒരു തുള്ളി ഹിന്ദുതേന്‍ പുരട്ടി 'മാതൃഭൂമി'യില്‍ ലേഖനമെഴുതുന്നതോ സമദാനിയുടെ ഉച്ചാരണഭംഗം തീരാത്ത സംസ്കൃത കാവ്യങ്ങളോ അല്ല, കാലിക ക്രിയാത്മകപ്രതികരണമാണ് ആവശ്യം. എന്‍.ഡി.എഫ് ഉദയംചെയ്തിരിക്കുന്നത് മുസ്ലിംലീഗ് കോട്ടകളില്‍നിന്നാണ്. കശ്മീരില്‍ കൊല്ലപ്പെട്ടവരും മറ്റും ഉള്‍ക്കൊള്ളുന്ന കണ്ണൂര്‍സിറ്റി ഏരിയ ആരുടെ ശക്തികേന്ദ്രമാണ്?ഇവിടെ ബംഗളൂരുവില്‍ കപ്പലണ്ടി വിറ്റ് നടക്കുന്നവരിലും ബേക്കറിയും കൊച്ചു ചായക്കടകളും നടത്തുന്നവരില്‍ മഹാഭൂരിപക്ഷവും കണ്ണൂര്‍ക്കാരും മുസ്ലിം സമുദായക്കാരുമാണ്. സമുദായം മുഴുവന്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുമ്പോള്‍ പിറക്കുന്ന തീവ്രവാദം ഗുരുതരമായിരിക്കും. ഇന്ന് മാധ്യമങ്ങളും വലതു രാഷ്ട്രീയപാര്‍ട്ടികളും തീവ്രവാദികളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇ. അഹമ്മദിനുവേണ്ടി മാത്രം പ്രതിരോധം തീര്‍ക്കുകയല്ല രണ്ടത്താണിമാര്‍ ചെയ്യേണ്ടത്. ശബാന ആസ്മിക്കും ഷാരൂഖ്ഖാനും ബാന്ദ്രയിലും നവിമുംബൈയിലും ഫ്ലാറ്റ് ലഭിക്കാത്തതുപോലെ സാമുദായികമായി ഒറ്റപ്പെടുന്ന കാലത്ത്, ഭരണഘടനാ സഭയിലെ തൊപ്പിവെച്ച ആനയായിരുന്നു ഖാഇദെ മില്ലത്ത് എന്നും മതേതരത്വത്തിന്റെ വെള്ളമാലാഖയായിരുന്നു ശിഹാബ് തങ്ങളെന്നും പറയുമ്പോഴേക്കും സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞിരിക്കും. ഞങ്ങള്‍ക്ക് മുസ്ലിം സഹോദരന്മാരെ അയല്‍വാസികളായി താമസിപ്പിക്കാന്‍ കഴിയണം. മുംബൈയിലെ സ്വന്തം ഫ്ലാറ്റ് മുസ്ലിംകള്‍ക്ക് വാടകക്ക് നല്‍കാന്‍ അനുവാദമില്ലാത്ത റസിഡന്റ് അസോസിയേഷനിലാണ് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ജീവിക്കുന്നത്. കേരളത്തില്‍ അത് ആവര്‍ത്തിക്കരുത്. അതിനാല്‍, 'മാതൃഭൂമി'യും 'മനോരമ'യും ഉള്‍പ്പെടെ കേരളമാധ്യമങ്ങള്‍ പുനരാലോചന നടത്തണം. ഈ രീതി അവസാനിപ്പിക്കണം. ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസികള്‍ വേണം. പ്ലീസ്, ദയവുചെയ്ത് അവരെ വിഭജിക്കരുത്. കാരണം, ഞങ്ങള്‍ ഇപ്പോഴും അവരെ സ്നേഹിക്കുന്നു. അവര്‍ നല്ലവരായ ഇന്ത്യക്കാര്‍തന്നെ, നിങ്ങള്‍ മാധ്യമങ്ങള്‍ അങ്ങനെ ധരിക്കുന്നില്ലെങ്കിലും!(മുംബൈയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ് ലേഖകന്‍)

2009, ഡിസംബർ 31, വ്യാഴാഴ്‌ച

ആഭ്യന്തരത്തിന്റെ ഒളിയജണ്ടകള്‍

എ.എസ്. സുരേഷ്കുമാര്‍

ഗൌരവം വിടാത്ത വശ്യമായ ചിരിയും അഹങ്കാരം അടക്കിപ്പിടിച്ച മുഖവും പിടികൊടുക്കാത്ത പ്രവര്‍ത്തന ശൈലിയുമാണ് ആഭ്യന്തരമന്ത്രി പളനിയപ്പന്‍ ചിദംബരത്തിന്റേത്. വാക്കുകളുടെ ചതുരവടിവ് ആരെയും വീഴ്ത്തും. വിവരാവകാശ നിയമപ്രകാരം യു.പി.എ സര്‍ക്കാറിനുള്ള സുതാര്യതയത്രയും അത്തരം വാക്കുകളില്‍ തെളിഞ്ഞു കിടക്കും. രാജ്യത്തിന്റെ പരമോന്നതമായ മൂല്യങ്ങളും പരമാധികാര സ്വാതന്ത്യ്രവുമൊക്കെ അതില്‍ ഉയര്‍ന്നു നില്‍ക്കും. അറിവിന്റെ നിറകുടമാണെന്ന അഹങ്കാരം പരമാവധി അടക്കിപ്പിടിക്കും. അമേരിക്കയൊഴികെ ഒന്നിനേയും മാനിക്കാത്ത പ്രവര്‍ത്തനത്തിന്റെ പൊരുള്‍ പൂര്‍ണമായും ഒളിഞ്ഞു കിടക്കും. അങ്ങനെയൊക്കെയുള്ള ചിദംബരം ആഭ്യന്തര വകുപ്പിന്റെ അമരത്ത് എത്തിയിട്ട് കൊല്ലമൊന്നു കഴിഞ്ഞിരിക്കുന്നു. ശിവരാജ് പാട്ടീലിന്റെ നിര്‍ഗുണത്വത്തില്‍നിന്ന് ചിദംബരത്തിന്റെ സക്രിയതയിലേക്കുള്ള മാറ്റം ആഭ്യന്തര മന്ത്രാലയത്തിന്റെ കേന്ദ്രമായ നോര്‍ത്ത് ബ്ലോക്കില്‍ വളരെ പ്രകടമാണ്. എല്ലാ ദിവസവും രാവിലെ സമയസൂചി ഒമ്പതിലെത്തുമെങ്കില്‍, ആഭ്യന്തര മന്ത്രി ഓഫിസിലുണ്ട്. മന്ത്രി ഓഫിസില്‍ വെറുതെയിരിക്കുകയല്ലെന്ന് വരുമ്പോള്‍, മേലുദ്യോഗസ്ഥര്‍ക്ക് മന്ത്രിയുടെ സമയം പാലിക്കാതിരിക്കാന്‍ കഴിയില്ല. മന്ത്രിക്കു വേണ്ട വിവരങ്ങള്‍ക്കും ഫയലുകള്‍ക്കുമായി അവര്‍ കീഴുദ്യോഗസ്ഥരെ നിലം തൊടാതെ പറപ്പിക്കും. ഹാജര്‍ രേഖപ്പെടുത്താന്‍ ഫിംഗര്‍ പ്രിന്ററും വൈകിയെത്തിയ സമയം കൂടി ചേര്‍ത്ത് വൈകുന്നേരം വൈകി ഓഫിസ് വിടണമെന്ന വ്യവസ്ഥയുമൊക്കെയായി, ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പോലും തോറ്റു പോകുന്നു. കുത്തഴിഞ്ഞ പുസ്തകമായിക്കിടന്ന ആഭ്യന്തര വകുപ്പിന് അത്തരമൊരു അടുക്കും ചിട്ടയും മാത്രമല്ല കൈവന്നത്. മാനത്തേക്ക് നോക്കി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എഴുതുന്ന ഉദ്യോഗസ്ഥര്‍ക്കൊക്കെ നല്ല ഘ്രാണശക്തി കൈവന്നിരിക്കുന്നു. എവിടുന്നെങ്ങാനും വെടിമരുന്നു മണക്കുന്നുണ്ടോ എന്ന സംശയം പോലും ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ജാഗ്രതാ നിര്‍ദേശവുമാക്കി മാറ്റുന്നുണ്ട് അവര്‍. ലഭ്യമായ വിവരങ്ങള്‍ വെച്ച് നിര്‍ദേശങ്ങള്‍ രാജ്യമെമ്പാടും പറക്കുന്നു. ഓഹരി വിപണിയിലും മീന്‍ചന്തയിലുമൊക്കെ ഭീകരസാന്നിധ്യമുണ്ടെന്ന് ഇടക്കിടെ തട്ടിവിട്ട്, ദേശസുരക്ഷ തന്റെ മാത്രം ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ച്, എല്ലാം അടക്കി വാണിരുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണന്‍ മുതല്‍ റോ, ഐ.ബി തുടങ്ങി വിവിധ ഏജന്‍സി മേധാവികള്‍ വരെയുള്ളവര്‍ എല്ലാ ദിവസവും ആഭ്യന്തര മന്ത്രിയെ ചെന്നുകണ്ട് രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കണം. മന്ത്രി പറയുന്നതിനൊത്ത് കാര്യങ്ങള്‍ മുന്നോട്ടു നീക്കണം. ഭീകരരുടെ കൃപ കൊണ്ടായാലും ചിദംബരത്തിന്റെ ജാഗ്രത കൊണ്ടായാലും 2009 കടന്നു പോകുന്നത് ഒന്നും എവിടെയും പൊട്ടാതെയും കബന്ധക്കാഴ്ചകള്‍ ഇല്ലാതെയുമാണ്. സാമ്പത്തിക ഉദാരീകരണ പ്രതിബദ്ധതയിലൂന്നി നിന്ന പ്രവര്‍ത്തന മേഖലയില്‍ നിന്ന് ചിദംബരം ആഭ്യന്തര വകുപ്പിന്റെ തലപ്പത്തേക്ക് എത്തിയത് തികച്ചും അവിചാരിതമായിട്ടാണ്. ചവറ്റുകൂനയിലും തുണി സഞ്ചിയിലുമൊക്കെയായി സാധനം പൊതിഞ്ഞിട്ടു പൊട്ടിച്ച് കുറെ നിരപരാധികളെ ഇടക്കിടെ കൊന്നു രസിക്കുന്ന ഏര്‍പ്പാടു വിട്ട് ഭീകരര്‍ മുംബൈയില്‍ നടത്തിയ ഓപറേഷന്‍ ഭരണകൂടങ്ങളെ ഞെട്ടിക്കുന്നതും അടിയന്തര നടപടികള്‍ക്ക് നിര്‍ബന്ധിക്കുന്നതുമായിരുന്നു. അതിനു മുന്നില്‍ നിര്‍ഗുണനായി ശിവരാജ് പാട്ടീല്‍ തെറിച്ചു. ചിദംബരം ധനവകുപ്പ് വിട്ട് ആഭ്യന്തരം ഏറ്റെടുത്തു. സാമ്പത്തിക ഉദാരീകരണത്തിന്റെ ഇന്ത്യന്‍ നടത്തിപ്പുകാരില്‍ ഒരുവന്‍ പൊടുന്നനെ ആഭ്യന്തര സുരക്ഷയുടെ ചുമതലക്കാരനായി നിയോഗിക്കപ്പെട്ടത് വൈദേശിക താല്‍പര്യങ്ങള്‍ കൊണ്ടുകൂടിയാണെന്ന് ദോഷൈകദൃക്കുകള്‍ സംശയിച്ചു. തൊണ്ണൂറുകളില്‍ കച്ചവട കേന്ദ്രീകൃതമായ സമ്പദ് വ്യവസ്ഥയിലായിരുന്നു വമ്പന്‍ രാജ്യങ്ങളുടെ കണ്ണെങ്കില്‍, ഇന്ന് സുരക്ഷ അതിനേക്കാള്‍ മുന്തിയ പ്രാധാന്യം കല്‍പിക്കേണ്ട ഒന്നാക്കി മാറ്റിയിട്ടുണ്ടെന്ന യാഥാര്‍ഥ്യം അത്തരം സംശയങ്ങള്‍ക്ക് സാധുത നല്‍കി. അതിനൊത്ത വിധം അധികാരമേറ്റ ദിവസം മുതല്‍ ഇന്നുവരെ, നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങള്‍ സമയബന്ധിതമായി മുന്നോട്ടു കൊണ്ടുപോവുകയാണ് ചിദംബരം. വശ്യമായ ചിരി. വാക്കുകളുടെ ചതുരവടിവിനപ്പുറത്തെവിടെയോ ഒളിഞ്ഞു കിടക്കുന്ന കാര്യപരിപാടി. ചിദംബരത്തിന്റെ കൈയിലെത്തിയ ആഭ്യന്തര വകുപ്പിന് ഇന്ന് ഭീകരപ്രതിരോധ മുഖമാണ്. കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് പൊടുന്നനെ സംഭവിച്ച മാറ്റം. സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍പെട്ട ക്രമസമാധാനപാലനം വളരെച്ചെറിയൊരു വിഷയമായി മാറുകയും, രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെന്ന കൃത്രിമ വികാരത്തിനു മുന്നില്‍ ഫെഡറല്‍ തത്ത്വങ്ങള്‍ ഒലിച്ചു പോവുകയും ചെയ്യുന്നു. മുംബൈ ആക്രമണം കഴിഞ്ഞ് ആഴ്ചകള്‍ക്കകം ചിദംബരം ദേശീയ അന്വേഷണ ഏജന്‍സി ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തു. ഭീകരപ്രതിരോധ നിയമ വ്യവസ്ഥകള്‍ക്ക് കൂടുതല്‍ പല്ലും നഖവും നല്‍കി. ദേശസുരക്ഷയുമായി ബന്ധപ്പെട്ടതെന്ന് കരുതുന്ന സംഭവങ്ങളില്‍ സംസ്ഥാനത്തിന്റെ അനുമതിയില്ലാതെയും നേരിട്ട് അന്വേഷണം നടത്താന്‍ ഇന്ന് കേന്ദ്രത്തിന് നിയമപരമായ അവകാശമുണ്ട്. അതു ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. നിയമം പാസാക്കി ഒരു കൊല്ലം കഴിയുമ്പോള്‍ നിയമം 'കാര്യക്ഷമ'മായിത്തന്നെ ആഭ്യന്തര മന്ത്രാലയം ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. കൊച്ചു കേരളത്തില്‍നിന്ന് എന്‍.ഐ.എ ഏറ്റെടുത്ത കേസുകള്‍ അര ഡസന്‍. നീര്‍ക്കോലി പോലത്തെ തടിയന്റവിട നസീര്‍ ലശ്കറെ ത്വയ്യിബയുടെ നേതാവാണെന്നും അമേരിക്കന്‍ ഭീകരന്‍ ഹെഡ്ലിക്ക് ഭീകരപ്രവര്‍ത്തനം നടത്താന്‍ തുണ പോകുന്നയാളാണെന്നും, അബ്ദുന്നാസിര്‍ മഅ്ദനിയാണ് അവരെ ആശീര്‍വദിച്ചു വിടുന്നതെന്നുമൊക്കെ നാം മനസ്സിലാക്കേണ്ടി വരുന്നു^സുതാര്യമല്ലാത്ത ഏടുകള്‍. സന്യാസിനി പ്രജ്ഞാസിങ്ങിന്റെയോ മാലേഗാവ്, ഗോവ സ്ഫോടനങ്ങളുടെയോ പിന്നാമ്പുറം എന്‍.ഐ.എക്ക് ചികയേണ്ട. ഗുജറാത്തില്‍ ഭീകര മുദ്രകുത്തി കുറെ നിരപരാധികള്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലവും അറിയേണ്ട. ആഭ്യന്തരമായ വെല്ലുവിളികള്‍ വര്‍ധിക്കുന്നത് ഒരു രാജ്യം അഭിമുഖീകരിക്കുന്ന ശൈഥില്യത്തിന്റെ ലക്ഷണമാണെന്നത് നില്‍ക്കട്ടെ. ലാത്തിയും കാക്കിയുമുള്ള, കലുങ്കിലിരുന്ന് ബീഡി വലിക്കുന്നവനെ പൊക്കുന്ന സാദാ പൊലീസുകാരനില്‍ നിന്ന് ആഭ്യന്തര സുരക്ഷാ സങ്കല്‍പം ഏറെ മാറിയിരിക്കുന്നു. നേരിടേണ്ടത് സ്വന്തം ജനങ്ങളെയാണ്. മാവോവാദം വളര്‍ത്തുന്നവര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒളിപ്പോര്‍ പ്രവര്‍ത്തനം നടത്തുന്നവര്‍ എന്നിങ്ങനെ, ലേബല്‍ ചെയ്യപ്പെട്ട ഭീകരതക്കൊപ്പം ആഭ്യന്തര സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്ന വിഭാഗങ്ങള്‍ വര്‍ധിച്ചിരിക്കുന്നു. അവയത്രയും നേരിടാന്‍ ആയുധ^ധനസഹായങ്ങള്‍ നല്‍കി സംസ്ഥാനങ്ങളെ സജ്ജമാക്കുകയാണ് കേന്ദ്രം. ഒപ്പം കേന്ദ്രസേനയേയും സൈന്യത്തെ തന്നെയും ഉപയോഗപ്പെടുത്താമെന്നും വന്നിരിക്കുന്നു. മാവോയിസ്റ്റുകളെക്കുറിച്ച് ചിദംബരം ആദ്യം പറഞ്ഞു തുടങ്ങിയത് വളരെ മയമുള്ള വാക്കുകളിലാണ്. സ്വന്തം ജനങ്ങളെ സൈന്യം ആക്രമിക്കില്ലത്രേ. പക്ഷേ, ഓപറേഷന്‍ ഗ്രീന്‍ ഹണ്ടിന് ആഭ്യന്തര മന്ത്രാലയത്തില്‍ എല്ലാം തയാറാണ്. മാവോവാദികള്‍ക്കെതിരായ വമ്പന്‍ നീക്കമാണത്. മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും മറ്റുമുയര്‍ന്ന ശക്തമായ എതിര്‍പ്പു കണക്കിലെടുത്ത് തല്‍ക്കാലം ആഭ്യന്തര മന്ത്രാലയം പിന്‍വാങ്ങി നില്‍ക്കുന്നുവെന്നു മാത്രം. മുംബൈ ഭീകരാക്രമണത്തിനു ശേഷം, ആഭ്യന്തര സുരക്ഷയില്‍ ചിദംബരത്തിന്റെ അധ്യക്ഷതയില്‍ നടപ്പാക്കി വരുന്ന അമേരിക്കന്‍ താല്‍പര്യങ്ങള്‍ കൂടുതലായി തെളിഞ്ഞു വന്നു കൊണ്ടിരിക്കുന്നു. അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എയുടെയും എഫ്.ബി.ഐയുടെയുമൊക്കെ മേധാവിമാര്‍ക്ക് തരംപോലെ ഇന്ത്യയില്‍ വന്നുപോകാമെന്നായിരിക്കുന്നു. സി.ഐ.എ ഡയറക്ടര്‍ നയതന്ത്രപരമായി പദവിയില്‍ എത്രയോ മുകളില്‍ നില്‍ക്കുന്ന ആഭ്യന്തര മന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തിയാണ് മടങ്ങുന്നത്. ആഭ്യന്തര മന്ത്രിയായ ശേഷം ചിദംബരം പോയി ചര്‍ച്ചകള്‍ നടത്തിയിട്ടുള്ള ഏക രാജ്യം അമേരിക്കയാണ്. ആഭ്യന്തരമായ ഇടപെടലുകളത്രയും ഭീകരപ്രതിരോധത്തിന്റെ പേരിലാണ്. ഏറ്റവുമൊടുവില്‍, അമേരിക്കന്‍ മാതൃകയില്‍ ഇന്ത്യയിലെ ആഭ്യന്തര സുരക്ഷാ സംവിധാനം പൊളിച്ചു പണിയാന്‍ തയാറെടുക്കുകയാണ് ആഭ്യന്തര മന്ത്രി. ഇതിന് ദേശീയ ഭീകരപ്രതിരോധ കേന്ദ്രം അമേരിക്കന്‍ മാതൃകയില്‍ അടുത്ത ഒരു വര്‍ഷത്തിനകം കൊണ്ടുവരണമെന്ന തന്റെ കാര്യപരിപാടിയും ചിദംബരം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്തരമൊരു ഭീകരപ്രതിരോധ കേന്ദ്രത്തിന്റെ കീഴില്‍ രഹസ്യാന്വേഷണ, കുറ്റാന്വേഷണ, ഭീകരവിരുദ്ധ നടപടികള്‍ എന്നിവയത്രയും കൊണ്ടുവരാനാണ് ഉദ്ദേശ്യം. അപ്പോള്‍ ഫെഡറല്‍ സംവിധാനത്തിനു കീഴില്‍ സംസ്ഥാന പൊലീസ് കാഴ്ചക്കാരായി മാറും. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വെല്ലുവിളികളും ആഗോള ഭീകരതയുടെ ചരടിലേക്ക് കോര്‍ക്കുകയാണ് ആഭ്യന്തര മന്ത്രി. മാവോവാദവും ജമ്മു^കശ്മീരിലെ തീവ്രവാദവുമെല്ലാം ഈ ചരടില്‍ ഒന്നിച്ചു ചേര്‍ക്കാവുന്ന വിഷയങ്ങളാകുമ്പോള്‍ വശ്യമായ ചിരിയോടെ, വാക്കുകളുടെ ചതുരവടിവിനപ്പുറത്തെ നിഗൂഢമായ കാര്യപരിപാടിയുമായി അമേരിക്കക്ക് ഭാവിയില്‍ ജമ്മു^കശ്മീര്‍ പ്രശ്നത്തിലേക്കും മറ്റേതിലേക്കും കാലെടുത്തുവെക്കാം. അതെ. എണ്ണയിട്ട യന്ത്രം പോലെയാക്കി മാറ്റിയ ആഭ്യന്തര മന്ത്രാലയത്തിന്റെ അടുക്കും ചിട്ടക്കുമപ്പുറം, പോക്ക് എങ്ങോട്ടാണ് എന്നതാണ് കാതലായ കാര്യം. ഒട്ടും ചെറുതല്ലാത്തൊരു വശപ്പിശക് തെളിഞ്ഞു കിടക്കുന്നു. ആഭ്യന്തര സുരക്ഷയില്‍ അമേരിക്ക ഒഴികെ ഒന്നിനെയും കൂസാത്തൊരു സമീപനമാണത്. സാമ്പത്തികരംഗത്തെ വൈദേശിക സ്വാധീനം ഉദാരീകരണം വഴി മന്‍മോഹന്‍സിങ് സാധ്യമാക്കിയെങ്കില്‍, ആഭ്യന്തര സുരക്ഷാ കാര്യങ്ങളില്‍ അമേരിക്കന്‍ സ്വാധീനം പരമാവധി സാധ്യമാക്കുകയാണ് ഇന്ന് ചിദംബരം. മറുപുറത്ത്, അദ്വാനി തുടങ്ങിവെച്ച വിഭാഗീയ രാഷ്ട്രീയത്തിന്റെ ഇരകളായി മാറിയവരെ സംശയാസ്പദ റോളില്‍ത്തന്നെ ഭാവിയിലേക്ക് നടത്തുന്നുവെന്ന് ഉറപ്പിക്കുന്നതാണ് പുത്തന്‍ ആഭ്യന്തര സുരക്ഷാ ചിന്താഗതികള്‍. അദ്വാനിക്കു മുമ്പിലും ചിദംബരത്തിനു മുന്നിലും ഇര ഒന്നു തന്നെ. അമേരിക്കക്കു മുന്നിലും ചിദംബരത്തിനു മുന്നിലും ലക്ഷ്യം ഒന്നു തന്നെ. മുംബൈ ഭീകരതക്ക് പിന്നിലെ ഭീകരരെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറണമെന്ന് വാശി പിടിക്കുകയും, ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ അമേരിക്ക ചോദ്യം ചെയ്താലും മതിയെന്നു സമാധാനിക്കുകയും ചെയ്യുന്ന ഒരു സമീപനം കൂടിയാണത്. ആ സമീപനങ്ങളുടെ വികലതകളിലേക്ക് ഇനിയൂം കണ്ണോടിക്കുക. ഇന്റലിജന്‍സ് ബ്യൂറോ ശതാബ്ദി സ്മാരക പ്രഭാഷണം നടത്തുമ്പോള്‍ രാജ്യത്തെ മുതിര്‍ന്ന പൊലീസ്^രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് ചിദംബരം പറഞ്ഞു: 'രണ്ടാം ലോക യുദ്ധത്തിന് ശേഷമാണ് ശീതയുദ്ധത്തിന്റെ ആരംഭമെങ്കില്‍, ശീതയുദ്ധം കഴിഞ്ഞ് പിറവിയെടുത്തതാണ് 'ജിഹാദ്'. അവിശ്വാസികള്‍ക്കെതിരായ പോരാട്ടമാണ് ജിഹാദ്. നിരവധി ഗ്രൂപ്പുകള്‍ ഇപ്പോള്‍ അതിനായി ശപഥമെടുത്ത് ഇറങ്ങുകയും ചെയ്തിരിക്കുന്നു. യഥാര്‍ഥ കുരിശുയുദ്ധത്തില്‍ നിന്ന് ഭിന്നമായി, ഒരു പതിവു പോരാട്ടമല്ല ജിഹാദ്. സ്വന്തം ലക്ഷ്യം നേടാന്‍ ജിഹാദ് ഭീകരത ഉപയോഗപ്പെടുത്തുന്നു. അത്തരം ഭീകരത എല്ലാവര്‍ക്കുമെതിരെ ലക്ഷ്യം വെക്കുന്നു. അതിന്റെ ഇരകള്‍ സാധാരണയായി നിരപരാധികളാണ്. സ്ഥാപിത അധികാര കേന്ദ്രങ്ങളെ അട്ടിമറിക്കുകയാണ് അതിന്റെ ലക്ഷ്യം. ജിഹാദികളുടെ തന്ത്രം മറ്റു വിഭാഗത്തില്‍ പെട്ട തീവ്രവാദികളും പകര്‍ത്തുന്നുണ്ട്. ഹിന്ദു വിശ്വാസം പുലര്‍ത്തുന്ന തീവ്രവാദികളും ഇക്കൂട്ടത്തിലുണ്ട്്.' ജിഹാദിനെ മന്ത്രി വ്യക്തമായി വളച്ചൊടിച്ചു കഴിഞ്ഞ സ്ഥിതിക്ക്, ഭീകരത കണ്ടുപിടിച്ചത് ആരാണെന്ന് പൊലീസ്^രഹസ്യാന്വേഷണ നിര ഇനി സംശയിക്കേണ്ടതില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. മറ്റു ചിലര്‍ ഇപ്പോള്‍ ഭീകരത നടത്തുന്നുണ്ടെങ്കില്‍, ജിഹാദില്‍ നിന്നു കണ്ടുപഠിച്ചതാണെന്നും പറഞ്ഞിരിക്കുന്നു ചിദംബരം. ആ ഭീകരതക്കെതിരായ പോരാട്ടമാണ് ചിദംബരവും ആഗോളതലത്തില്‍ അമേരിക്കയും നടത്തുന്നത്. ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ ചര്‍ച്ച പാര്‍ലമെന്റില്‍ ഉപസംഹരിക്കുമ്പോള്‍ ആഭ്യന്തരമന്ത്രി വാചാലനായത് അമ്മയെക്കുറിച്ചായിരുന്നു. വീടിനടുത്ത ദര്‍ഗയില്‍ പോയി പ്രാര്‍ഥിക്കുന്ന അമ്മ. അമ്മയുടെ കൈയില്‍ തൂങ്ങി ദര്‍ഗയില്‍ പോകുന്ന മകന്‍. രാജ്യത്തിന്റെ ഉന്നതമായ മതനിരപേക്ഷ സങ്കല്‍പങ്ങള്‍. നമുക്ക് സഹവര്‍ത്തിത്വത്തിന്റെയും സൌഹാര്‍ദത്തിന്റെയും പാതയിലൂടെയാണ് മുന്നോട്ടു നീങ്ങേണ്ടതെന്ന് അദ്ദേഹം വികാര നിര്‍ഭരമായി ഓര്‍മിപ്പിച്ചു. അതിന് ഒരു മാസം മുമ്പാണ് ആഭ്യന്തര മന്ത്രി ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ വിരുന്നു പോയത്. സൌഹാര്‍ദത്തിന്റെ സന്ദേശമാണ് അദ്ദേഹത്തിന് നല്‍കാനുണ്ടായിരുന്നത്. അതിനെല്ലാം ശേഷം, അഥവാ മയമുള്ള നടപടികളില്‍ മറഞ്ഞു കിടന്ന കടുത്ത സമീപനം വിശ്വരൂപം കാട്ടിത്തുടങ്ങുന്നു. വാക്കുകളുടെ ചതുരവടിവിനപ്പുറത്ത് ഇനിയങ്ങോട്ടുള്ള ഒളിയജണ്ടകള്‍ എന്തൊക്കെയാണ്? 2010 അതില്‍ കുറെയെങ്കിലും പറഞ്ഞുതരാതിരിക്കില്ല.

2009, ഡിസംബർ 30, ബുധനാഴ്‌ച

2009, ഡിസംബർ 29, ചൊവ്വാഴ്ച

'ഉറക്കക്കുറവ് ഗുരുതരമായ ആരോഗ്യപ്രശ്നമായി വളരുന്നു'

മനാമ: ഉറക്കക്കുറവ് സാധാരണ തൊഴിലാളികള്‍ മുതല്‍ കുട്ടികള്‍ വരെയുള്ളവരുടെ ഗുരുതരമായ ആരോഗ്യപ്രശ്നമായി വളരുകയാണെന്ന് ഇ.എന്‍.ടി സ്പെഷലിസ്റ്റും ഉറക്കവുമായി ബന്ധപ്പെട്ട രോഗചികില്‍സാവിദഗ്ധനുമായ ഡോ.അബ്ദുറഹ്മാന്‍ എം. അല്‍ ഗരീബ്. തൊഴിലാളികളിലും മറ്റ് ജോലിക്കാരിലും വാഹനം ഓടിക്കുന്നവരിലും മറ്റും ഉറക്കമില്ലായ്മ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍, അവരുടെ ജോലിയുടെ ഉല്‍പാദനക്ഷമതയെ മാത്രമല്ല, സുരക്ഷിതത്വത്തെപ്പോലും ബാധിക്കുന്ന ഗുരുതരാവസ്ഥയിലേക്ക് വളരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 60 ശതമാനം വാഹനാപകടങ്ങളും ഉറക്കമില്ലായ്മ മൂലമാണുണ്ടാകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഉറങ്ങുമ്പോള്‍ ശരീരത്തില്‍ പലതരം ഹോര്‍മോണുകളുടെ പ്രവര്‍ത്തനം നടക്കുന്നുണ്ട്. വേണ്ടത്ര ഉറക്കമില്ലെങ്കില്‍ ഇവ പ്രവര്‍ത്തിക്കാതാകുകയും ശാരീരിക പ്രത്യാഘാതമുണ്ടാക്കുകയും ചെയ്യും. കൊഴുപ്പ്, ഷുഗര്‍ തുടങ്ങിയ ഘടകങ്ങളെ നിയന്ത്രിക്കാനുള്ള ശാരീരിക പ്രക്രിയയും ഹോര്‍മോണ്‍ ഉല്‍പാദനവും ഉറങ്ങുന്ന അവസ്ഥയിലാണ് നടക്കുന്നത്. വേണ്ടത്ര ഉറക്കമില്ലാത്തവരില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതുമൂലം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, വിഷാദരോഗം എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്.

ലൈംഗികവും മാനസികവുമായ പല പ്രശ്നങ്ങളും ഉറക്കമില്ലായ്മ മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ തകരാറിനെതുടര്‍ന്നാണുണ്ടാകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിഷാദരോഗികളിലേറെയും ഉറക്കക്കുറവുള്ളവരാണ്. ഇത് പലപ്പോഴും ആത്മഹത്യയില്‍ വരെയെത്തുന്നു. ഉറക്കമില്ലായ്മ സ്വപ്നങ്ങളെ വരെ മനുഷ്യന് നിഷേധിക്കുന്നു.

ശരിയായ ഉറക്കം കിട്ടാത്ത കുട്ടികളാണ് സ്കൂളില്‍ മോശം പ്രകടനം കാഴ്ചവക്കുന്നവരിലേറെയും. ഇത് ചില കുട്ടികളുടെ മാനസികനിലയെപ്പോലും ബാധിക്കും വിധം വളരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കാന്‍ യു.എസില്‍ സ്കൂള്‍ തുറക്കുന്ന സമയം രാവിലെ 11 ലേക്ക് മാറ്റിയിരിക്കുകയാണ്.

ചെറിയ കുട്ടികള്‍ക്ക് ദിവസം 16^18 മണിക്കൂറും 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 10^12 മണിക്കൂറും മുതിര്‍ന്നവര്‍ക്ക് 8^10 മണിക്കൂറുമാണ് ഉറക്കം വേണ്ടത്. ഇത്രയും സമയം തുടര്‍ച്ചയായി ഉറങ്ങണം.
നെഞ്ച്, വായ്, മൂക്ക്, ചെവി എന്നിവയുമായി ബന്ധപ്പെട്ട തകരാറുകളാണ് ഉറക്കം നഷ്ടപ്പെടുത്തുന്നത്. കൂര്‍ക്കംവലി പോലും ഉറക്കവുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്നമായാണ് പരിഗണിക്കുന്നത്. കുട്ടികളില്‍ ടോണ്‍സിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വ്യാപകം.

ഇത്തരം തകരാറുകള്‍ പ്രത്യക്ഷത്തില്‍ കാണാനാകില്ല എന്നതിനാല്‍ സാധാരണ ഇവയെ അവഗണിക്കുകയാണ് പതിവ്.